വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ ഹെൽത്തി ഏജിംഗ് പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വയോജന കൂട്ടായ്മകൾക്ക് രൂപം നൽകി.
ഡോക്ടർമാർ, മനഃശാസ്ത്ര വിദഗ്ദർ, ഫിസിയോ തെറാപ്പിസ്റ്റുകൾ എന്നിവരുടെ സേവനം ഉറപ്പുവരുത്തുകയും പരിശീലനം ലഭിച്ച വോളന്റിയർമാർ മുഖേന ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി.
രാജഗിരി ആശുപത്രി കാരുണ്യ ട്രസ്റ്റിന്റെയും വൈപ്പിൻ പെൻഷനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സഹകരണത്തോടെയുള്ള പദ്ധതി അയ്യമ്പിള്ളിയിൽ നടന്ന ചടങ്ങിൽ ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ . ജോഷി അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഷെന്നി ഫ്രാൻസിസ്, രാജഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, കമ്യൂണിറ്റി ഡവലപ്മെന്റ് ഡയറക്ടർ ഡോ. ഷിബു ബാലകൃഷ്ണൻ, ഡോ. കെ.എസ്. പുരുഷൻ തുടങ്ങിയവർ പ്രസംഗിച്ചു.